Don't Miss

ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണം ഫോക്കസ്‌ വോക്കത്തോണ്‍ ശ്രദ്ധേയമായി

ദോഹ: ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച്‌ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെ സഹകരണത്തോടുകൂടി ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച വോക്കത്തോണ്‍ വിശിഷ്‌ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ അല്‍ അത്തിയ്യ പള്ളിക്ക്‌ സമീപത്ത്‌ വെച്ച്‌ നടന്ന പരിപാടി സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ്‌ ബിന്‍ ഹമദ്‌ അല്‍താനി ഉദ്‌ഘാടനം ചെയ്‌തു.
വൈകിട്ട്‌ 4 മണിക്ക്‌ ആരംഭിച്ച വോക്കത്തോണില്‍ നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്തു. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ വിഭാഗം തലവന്‍ ഡോ. മുഹമ്മദ്‌ അലി അല്‍ ഹജ്ജാജ്‌, ഖത്തര്‍ പെട്രോളിയം ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌റ ഡയറക്‌ടര്‍ സൈഫ്‌ സഈദ്‌ അല്‍ നുഅയ്‌മി, ഖത്തര്‍ ഫൗണ്ടേഷന്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ അഹ്മദ്‌ ബൂ ഖമീസ്‌, ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ തലവന്‍ ഡോ. യൂസുഫ്‌ നുഅ്‌മാന്‍, സിവില്‍ ഡിഫന്‍സ്‌ ഹെല്‍ത്ത്‌ & സേഫ്‌ററി വിഭാഗം തലവന്‍ ലഫ്‌. മുഹമ്മദ്‌ ഹാദി അല്‍ മര്‍റി, ഫഹദ്‌ സായിദ്‌ കുറൂസ്‌, ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്‌മാന്‍, ഹെല്‍ത്ത്‌കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മാനേജര്‍ എം.ടി. ഷാഹിര്‍, കൂടാതെ ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌, പബ്ലിക്‌ റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, ലേബര്‍ & സോഷ്യല്‍ അഫേഴ്‌സ്‌ മന്ത്രാലയം, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ തുടങ്ങി ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും നേതൃത്വം നല്‍കി.
ഖത്തറിലെ തൊഴിലാളികളുടെ ആരോഗ്യപരവും പരിസ്ഥിതികപരവുമായ സുരക്ഷ ലഭ്യമാക്കുന്നതിന്‌ ആരോഗ്യ മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടെന്ന്‌ ഡോ. മുഹമ്മദ്‌ ബിന്‍ ഹമദ്‌ അല്‍താനി പറഞ്ഞു. തൊഴിലാളികളെ സുരക്ഷാ മാനദണ്‌ഠങ്ങള്‍ പാലിക്കുവാന്‍ ബോധവത്‌കരിക്കുകയാണ്‌ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ കൊണ്ട്‌ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ലക്ഷ്യം വെക്കുന്നത്‌.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഈ വര്‍ഷത്തെ പ്രമേയം രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സുരക്ഷയാണ്‌. കെമിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്‌ഠങ്ങള്‍ പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഖത്തറിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രത്യകിച്ച്‌ കെമിക്കല്‍ മേഖലയില്‍ പാലിക്കേണ്ട സുരക്ഷയെക്കുറിച്ച്‌ അറിവുണ്ടാവുകയും നല്ല ആരോഗ്യവും ലഭ്യമാവേണ്ടതുണ്ട്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോക്കത്തോണ്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്ക്‌ സുരക്ഷാ മാനദണ്‌ഠങ്ങള്‍ പാലിക്കുന്നതിനായുള്ള ബോധവത്‌കരണ പോസ്റ്ററുകള്‍, പ്രത്യേകം തയ്യാറാക്കിയ ടീ ഷര്‍ട്ട്‌, തൊപ്പി എന്നിവ നല്‍കിയത്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക്‌ നവ്യാനുഭവമായി.
തൊഴിലിടങ്ങളിലെ അപകട സാധ്യതയെ സംബന്ധിച്ച ബോധവത്‌കരണം ഇതിന്‌ മുമ്പും സുപ്രീം കൗണ്‍സിലുമായി സഹകരിച്ച്‌ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. കാംപയിനിന്റെ മുഖ്യപ്രായോജകര്‍ അബ്ദുല്ല അബ്ദുല്‍ഘനി & ബ്രദേഴ്‌സ്‌ കമ്പനി, മലബാര്‍ ഗോള്‍ഡ്‌ & ഡയമെണ്ട്‌സ്‌, വെല്‍കെയര്‍ ഗ്രൂപ്പ്‌ എന്നിവരാണ്‌.
മെയ്‌ ഒന്‍പതിന്‌ രാവിലെ എട്ട്‌ മണി മുതല്‍ വൈകിട്ട്‌ അഞ്ച്‌ മണിവരെ കുറഞ്ഞവരുമാനക്കാരായ തൊഴിലാളികള്‍ക്ക്‌ വേണ്ടി ആരോഗ്യ പരിശോധനയും ബോധവത്‌കരണ ക്ലാസുകളും നല്‍കി കാംപെയില്‍ സമാപിക്കും. രണ്ടായിരത്തോളം തൊഴിലാളികളെ പരിശോധിക്കുന്നതിന്‌ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കും. ക്യാമ്പില്‍ സൗജന്യ വൈദ്യ പരിശോധന, മരുന്ന്‌ വിതരണം, ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം എന്നിവ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.