Don't Miss

Events

സാമൂഹ്യ പ്രവര്‍ത്തകര്‍ സ്വയം തിരിച്ചറിവുള്ളവരാകണം – മുഹമ്മദലി ഫാറൂഖി

സാമൂഹ്യ പ്രവര്‍ത്തകര്‍ സ്വയം തിരിച്ചറിവുള്ളവരാവുകയും സേവനങ്ങളില്‍ അത് പ്രതിഫലിപ്പിക്കുകയും ചെയ്യണമെന്ന് യുവ പണ്ഡിതന്‍ മുഹമ്മദലി ഫാറൂഖി അഭിപ്രായപ്പെട്ടു. ഫോക്കസ് ഖത്തര്‍ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കും ഏരിയ ഭാരവാഹികള്‍ക്കും വേണ്ടി അല്‍ ഖോര്‍ ഫനാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഫോക്കസ് ഓണ്‍ ലീഡ്’ നേതൃ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം നിലനില്‍ക്കുമ്പോഴും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തെ കടമ നിര്‍വ്വഹിക്കുന്നതില്‍ യുവാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോക്കസ് ഓണ്‍ ഇഫക്ടീവ്‌നെസ്, ഇഫക്ടീവ് മീറ്റിംങ്‌സ് എന്നീ വിഷയങ്ങളില്‍ സി.ഇ.ഒ. ഷമീര്‍ വലിയ വീട്ടില്‍, അഡ്മിന്‍ കോര്‍ഡിനേറ്റര്‍ സഫ് വാന്‍ പേരൂറാന്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലക്ഷ്യങ്ങളും സാധ്യതകളും ഡെപ്യൂ. സി.ഇ.ഒ. മുനീര്‍ അഹ്മദ് വിശദീകരിച്ചു. അസ്‌കര്‍ റഹ്മാന്‍, ഇംതിയാസ് അനച്ചി, ആഷിഫ് അസീസ്, ഹമദ് ബിന്‍ സിദ്ധീഖ് എന്നിവര്‍ വിവിധ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വോക്കത്തോണ്‍

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ യുവജന സംഘടനയായ ഫോക്കസ്‌ ഖത്തര്‍ വോക്കത്തോണ്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 10 ചൊവ്വാഴ്‌ച രാവിലെ 8 മണിക്ക്‌ ആരംഭിച്ച വോക്കത്തോണ്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഫൈനാന്‍സ്‌ മാനേജര്‍ ആഷിഫ്‌ അസീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. കായികാഭ്യാസങ്ങള്‍ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണെന്ന്‌ സി.ഇ.ഒ. ആഹ്വാനം ചെയ്‌തു.

സ്‌പോര്‍ട്‌സ്‌ ഫോക്കസ്

മദീന ഖലീഫക്ക്‌ ഓവറോള്‍ കിരീടം
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ യുവജന സംഘടനയായ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച ‘സ്‌പോര്‍ട്‌സ്‌ ഫോക്കസ്‌’ കായിക മത്സരങ്ങളില്‍ മദീന ഖലീഫ ഏരിയ ഓവറോള്‍ കിരീടം നേടി. ഖത്തര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഹാമിദ്‌ അല്‍ മുല്ല മുഖ്യാതിഥിയായി പങ്കെടുത്ത മത്സര പരിപാടികള്‍ ലഖ്‌തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌ നടന്നു. കായിക മത്സരങ്ങള്‍ക്ക്‌ രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ട്‌ മണി മുതല്‍ വൈകിട്ട്‌ ആറ്‌ മണി വരെ നീണ്ട്‌ നിന്ന പരിപാടിയില്‍ ഫോക്കസ്‌ ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹ്മൂദ്‌, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യൂ.ഐ.ഐ.സി., ഇന്‍സൈറ്റ്‌ ഖത്തര്‍ എന്നീ ടീമുകളാണ്‌ മാറ്റുരച്ചത്‌. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്‌ബോള്‍, വോളീബോള്‍, ബാഡ്‌മിന്റണ്‍, പഞ്ചഗുസ്‌തി, കമ്പവലി, നടത്തമത്സരം, സാക്ക്‌ റേസ്‌, ചെസ്സ്‌ തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ്‌ നേടിയാണ്‌ മദീന ഖലീഫ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. 25 പോയിന്റ്‌ നേടി ഇന്‍സൈറ്റ്‌ ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സര ഫലങ്ങള്‍: ഫുട്‌ബോള്‍: മദീന ഖലീഫ ടീം, ക്യു.ഐ.ഐ.സി ടീം. വോളീബോള്‍: ബിന്‍മഹ്മൂദ്‌ ആന്റ്‌ ദോഹ ടീം, ക്യൂ.ഐ.ഐ.സി ടീം., വടംവലി: ഇന്‍സൈറ്റ്‌ ഖത്തര്‍ ടീം, ബിന്‍മഹ്മൂദ്‌ ആന്‍്‌ ദോഹ ടീം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വാശിയേറിയ ബാഡ്‌മിന്റണ്‍ മത്സരത്തില്‍ മദീന ഖലീഫയുടെ എം.ടി. ഷാഹിറും ഷിയാസും ഒന്നാം സ്ഥാനവും, ക്യൂ.ഐ.ഐ.സി. യുടെ നജീബ്‌.എം.കെ., ശുക്കൂര്‍ അല്‍ഖോര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
വ്യക്തിഗത മത്സര ഫലങ്ങള്‍: ചെസ്സ്‌: സഈദ്‌ മദീന ഖലീഫ, നിഷാദ്‌ ഹിലാല്‍, പഞ്ചഗുസ്‌തി: നിഷാദ്‌ മദീന ഖലീഫ, ഫിദാസ്‌ ഇന്‍സൈറ്റ്‌, നടത്ത മത്സരം: ഹബീബ്‌ ഹിലാല്‍, ഷാഫി മദീന ഖലീഫ, സാക്ക്‌ റേസ്‌: ബാസില്‍ ഹിലാല്‍, അബ്ദുല്‍ ഫത്താഹ്‌ ഇന്‍സൈറ്റ്‌, കുട്ടികള്‍ക്കായുള്ള സാക്ക്‌ റേസ്‌: ആദില്‍ അസ്‌ലം, മഹ്‌സിന്‍ അബദുല്ല എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
ആവേശകരമായ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ ഡോ. അബ്ദുല്ല ഹാമിദ്‌ അല്‍ മുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഫോക്കസ്‌ ഖത്തര്‍ സ്‌പോര്‍ട്‌സ്‌ മാനേജര്‍ ജഷ്‌മീര്‍ നേതൃത്വം നല്‍കി. ‘സ്‌പോര്‍ട്‌സ്‌ ഫോക്കസ്‌’ കായിക മത്സരങ്ങള്‍ നാഗേഷ്‌, നിസ്‌താര്‍, മുഹമ്മദ്‌ റിസ്‌വാന്‍, ശിഹാബുദ്ധീന്‍, റിയാസ്‌ വാണിമേല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, സുലൈമാന്‍ മദനി എന്നിവര്‍ സംബന്ധിച്ചു.

തൊഴില്‍ സുരക്ഷാ ഉറപ്പുവരുത്തുന്നതില്‍ പ്രത്‌ജ്ഞാബദ്ധം ഡോ. ശൈഖ്‌ മുഹമ്മദ്‌ അല്‍താനി

ദോഹ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നല്ല തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഖത്തര്‍ ഗവണ്‍മെന്റ്‌ പ്രതിജ്ഞാബദ്ധമാണ്‌. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ഇത്തരം പരിപാടികളിലൂടെ ഈ ഒരു ലക്ഷ്യം കൈവരിക്കാന്‍ പ്രയത്‌നിക്കുന്നു�. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ്‌്‌ മുഹമ്മദ്‌ ബിന്‍ ഹമദ്‌ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണ കാംപയിനിന്റെ ഭാഗമായി സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടനം ചെയ്‌തു.
അബൂഹമൂറിലെ മെഡിക്കല്‍ കമ്മീഷനില്‍ വെച്ച്‌ നടന്ന മെഡിക്കല്‍ ക്യാമ്പ്‌ രാവിലെ 7.30 ന്‌ ആരംഭിച്ച ക്യാമ്പില്‍ വിവിധ രാജ്യങ്ങളിലില്‍ നിന്നുള്ള താഴ്‌ന്നവരുമാനക്കാരായ ആയിരത്തി അഞ്ഞുറ്‌ ആളുകളെ പരിശോധിച്ചു. തൊഴിലാളികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ ബോധവത്‌കരണ ക്ലാസുകള്‍ നടന്നു. ഷഫാത്ത്‌ അലി, എം.ഡി. സന്തോഷ്‌കുമാര്‍, ഫൈസല്‍ ഹുദവി, ഡോ. ഷാസിയ, ഖാജാ യൂസുഫ്‌ എന്നിവര്‍ ബോധവത്‌കരണ ക്ലാസ്‌ നടത്തി.
സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിലെ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവന്‍ ഡോ. മുഹമ്മദ്‌ ഹജ്ജാജ്‌, മിനിസ്‌ട്രി ഓഫ്‌ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മാനേജര്‍ ഖാലിദ്‌ അല്‍ ഗാനിം, ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടീ ചീഫ്‌ ഓഫ്‌ മിഷന്‍ പി. എസ്‌. ശശികുമാര്‍, നേപ്പാള്‍ എംബസി ഇന്‍ചാര്‍ജ്‌ ഓഫ്‌ അഫേഴ്‌സ്‌ ഗണേഷ്‌ പ്രസാദ്‌ ഥാക്കല്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌്‌ലാഹീ സെന്റര്‍ പ്രസിഡണ്ട്‌ ഡോ. അബ്ദുല്‍ അഹദ്‌ മദനി എന്നിവര്‍ സംസാരിച്ചു.
തൊഴിലിടങ്ങളിലെ കെമിക്കല്‍ വസ്‌തുക്കളുടെ ഉപയോഗക്രമം, സുരക്ഷ എന്നിവയെക്കുറിച്ചും ഇത്തരം രാസവസ്‌തുക്കള്‍ മനുഷ്യനും പരിസ്ഥിതിക്കും വരുത്തിവെക്കാവുന്ന ഭവിഷ്യത്തിനെക്കുറിച്ചും തൊഴിലാളികളെ ബോധവത്‌കരിച്ചു. കെമിക്കല്‍ വസ്‌തുക്കള്‍ ഉപയോഗിക്കുന്നത്‌ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച്‌ നല്‍കിയ ക്ലാസുകള്‍ പഠനാര്‍ഹമായി. സിവില്‍ ഡിഫന്‍സ്‌ മന്ത്രാലയം ഒരുക്കുന്ന മോക്‌ഡ്രില്‍ തൊഴിലാളികള്‍ക്ക്‌ നവ്യാനുഭവമായി.
പരിപാടിയില്‍ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിലെ വിവിധ വകുപ്പുകളിലെ പ്രമുഖര്‍, സിവില്‍ ഡിഫന്‍സ്‌, ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌്‌മെന്റ്‌, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ പെട്രോളിയം, ആഭ്യന്തര വകുപ്പ്‌ പബ്ലിക്‌ റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, ലേബര്‍ & സോഷ്യല്‍ അഫേഴ്‌സ്‌ മന്ത്രാലയം എന്നിവയിലെ പ്രമുഖര്‍ പങ്കെടുത്തു. കൂടാതെ ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷനിലെയും പ്രൈവറ്റ്‌ ഹോസ്‌പിറ്റലുകളിലെയും നൂറോളം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫോക്കസ്‌ ഖത്തറിന്റെയും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌്‌ലാഹീ സെന്ററിന്റെയും നൂറോളം വളണ്ടിയര്‍മാര്‍, ഐ.പി.എഫ്‌.ക്യു. വിലെ ഫിസിയോതെറാപിസ്റ്റുമാര്‍, തുടങ്ങി നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

എജ്യു ഫോക്കസ്‌ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി

ദോഹ: യുവജന സംഘടനയായ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച എജ്യു ഫോക്കസ്‌ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളുടെ അഭിരുചി കണ്ടെത്താന്‍ നടത്തിയ ഡിഫറന്‍ഷ്യല്‍ ആപ്‌റ്റിറ്റിയൂഡ്‌ ടെസ്റ്റില്‍ (ഡാറ്റ്‌) ഒമ്പത്‌ മുതല്‍ പന്ത്രാം ക്ലാസ്‌ വരെയുള്ള എഴുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉച്ചക്ക്‌ 1.30 ന്‌ ആരംഭിച്ച്‌ മൂന്നര മണിക്കൂര്‍ നീണ്ട്‌ നിന്ന പരീക്ഷ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ നടന്നത്‌.
പഠന സമയത്ത്‌ തന്നെ വ്യക്തമായ ലക്ഷ്യം മുന്നില്‍ കണ്ട്‌ പഠിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന്‌ പ്രശസ്‌ത വിദ്യാഭ്യാസ വിചക്ഷണനും കരിയര്‍ ഗുരു ഡയറക്ടറുമായ എം.എസ്‌. ജലീല്‍ പറഞ്ഞു. പഠന വിഷയങ്ങള്‍ തെരെഞ്ഞെടുക്കുമ്പോള്‍ തൊഴില്‍ സാധ്യത മാത്രം പരിഗണിക്കുന്ന രീതി മാറ്റി വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍കൂടി പരിഗണിച്ച്‌ ഉന്നത പഠനങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂഹമൂറിലെ നോബ്‌ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച്‌ നടന്ന പരിപാടി ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്‌മദ്‌ ഉദ്‌ഘാടനം ചെയ്‌തു. കരിയര്‍ വിദഗ്‌ദനും സിജി ഖത്തര്‍ കരിയര്‍ ഇന്‍ ചാര്‍ജുമായ അഡ്വ. ഇസ്സുദ്ദീന്‍ ഖത്തറിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച്‌ ക്ലാസ്സെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയനിവാരണത്തിന്‌ അവസരമുണ്ടായത്‌ പരിപാടിയെ മികവുറ്റതാക്കി.
പരിപാടിയില്‍ ഫോക്കസ്‌ ഖത്തര്‍ നടത്തിയ ടിപ്‌സ്‌ എന്‍ട്രന്‍സ്‌ എക്‌സാമില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സമ്മാന ദാനം നടത്തി. ഡാറ്റ്‌ ടെസ്റ്റിന്‌ മുനീര്‍ അഹ്‌മദ്‌, സന്‍ജബീല്‍ മിസ്‌രി, ഷഹീര്‍ മുഹമ്മദ്‌ രായരോത്ത്‌, ഫൈസല്‍ എ.കെ., നസീര്‍ വടകര എന്നിവര്‍ നേതൃത്വം നല്‍കി. പൊതു പരിപാടിയില്‍ എ.പി. ഖലീല്‍ (എം.ഇ.എസ്‌ സ്‌കൂള്‍), ഫോക്കസ്‌ ഖത്തര്‍ അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്‌മാന്‍, ഡെപ്യൂട്ടി സി.ഇ.ഒ, ഷഹീര്‍ മുഹമ്മദ്‌, എച്ച്‌. ആര്‍. മാനേജര്‍ താജുദ്ദീന്‍, എച്ച്‌. ആര്‍. ഡെപ്യൂട്ടി മാനേജര്‍ ഫാഇസ്‌ എളയോടന്‍ എന്നിവര്‍ സംസാരിച്ചു.
ഇനിയുള്ള ദിവസങ്ങളില്‍ ഡിഫറന്‍ഷ്യല്‍ ആപ്‌റ്റിറ്റിയൂഡ്‌ (ഡാറ്റ്‌) പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ രക്ഷിതാക്കളുളുടെ സാന്നിധ്യത്തില്‍ പരീക്ഷയുടെ ഫലം മുന്‍ നിര്‍ത്തി വ്യക്തിഗത കൗണ്‍സിലിംഗ്‌ നടക്കക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
ഇനിയും പരീക്ഷ എഴുതാനും കൗണ്‍സിലിംങിന്‌ പങ്കെടുക്കാനും താത്‌പര്യമുള്ളവര്‍ 55611951, 55750699 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.